ഇരിട്ടി ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി
കണ്ണൂര്‍ : ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി. ഇരിട്ടി കരിക്കോട്ടക്കരിയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ആനയിറങ്ങിയത്. പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ നല്കാന് ആനിമല്‍ ആംബുലന്‍സെത്തിച്ച് കൊണ്ടുപായി. വയനാട്ടില്‍ നിന്ന് വെറ്റിനറി സര്ജന് സ്ഥലത്തെത്തി മയക്കുവെടിവെച്ച ശേഷം തളച്ചാണ് ആംബുലന്‍സില്‍ കയറ്റിയത്. ആനയുടെ കാലുകള്‍ ബന്ദിച്ചായിരുന്നു ദൗത്യം. കാടിറങ്ങി വന്ന ആനയയുടെ വായയിലാണ് വലിയ രീതിയില്‍ പരുക്ക് കണ്ടെത്തിയത്. പ്രാഥമിക ചികിത്സ വനം വകുപ്പ് നേരത്തേ നല്‍കിയിരുന്നു. ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയത്. ആനയെ വാഹനത്തില്‍ കയറ്റുന്നത് കാണാന്‍ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ആനയുടെ പരുക്ക് ഗുരുതരമാണെന്നും ജീവന് നിലനിര്‍ത്താനുള്ള സാധ്യത കുറവാണെന്നുമാണ് വെറ്റിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്ത് കാട്ടാനയിറങ്ങിയത്. കാട്ടാന ഇറങ്ങിയതിനാല്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈന്തുംകരി, എടപ്പുഴ, കൂമന്തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.