ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍’ ജയില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് ചരിത്രനേട്ടം
കണ്ണൂര്‍ : തടവറകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാര്‍ബണ്‍’ പദവി കൈവരിച്ച ജയില്‍ എന്ന അഭിമാന നേട്ടം സംസ്ഥാനത്തിന് സ്വന്തമായി.കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഈ മാതൃകാപരമായ നേട്ടം സ്വന്തമാക്കിയത്. ഹരിത കേരള മിഷന് സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ള പുരസ്കാരം സമ്മാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ 2070 ലും സംസ്ഥാന സര്‍ക്കാര്‍ 2050 ലും നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാ യാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഹരിത കേരളമിഷനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു ഈ നേട്ടം കൈവരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പര്‍ശമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണ ത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ഹരിത കേരളമിഷ ന്റെയും നവകേരളം കര്‍മ്മപദ്ധതിയുടെ യും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററായ ഡോ. ടി. എന്‍. സീമ 2025 ജനുവരി 20ന് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടികളുടെയും നിരന്തരമായ തുടര്‍ പ്രവര്ത്തനങ്ങുളു ടെയും പരിസമാപ്തിയിലാണ് ഈ നേട്ടം.
കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ നടപ്പിലാക്കിയ മാതൃക പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. ജയില്‍ വകുപ്പ് നടപ്പിലാക്കി വരുന്ന നവീകരണ, തിരുത്തല്‍ പ്രക്രിയയുടെ ഫലമായി ജയിലില്‍ കഴിയുന്ന അന്തേവാസികളുടെ ജീവിതശൈലി കൊണ്ടും മറ്റു ജയിലുകളില്‍ നിന്നും വ്യത്യസ്തമായി ധാരാളം വൃക്ഷങ്ങള്‍ ഉള്ളതും അനുകൂല ഘടകങ്ങള്‍ ആണെങ്കിലും നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. സുരക്ഷ മേഖല ആയതിനാല്‍ ധാരാളം ലൈറ്റുകള്‍ ഉള്ളതിനാല്‍ ഉയര്‍ന്ന വൈദ്യുതി ചാര്‍ജും ഏകദേശം ആയിരത്തോളം തടവുകാര്‍ ഉള്ളതിനാല്‍ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക്കിന്റെ അതി പ്രസരവും കൂടാതെ 64 ഓളം പശുക്കളുടെ ചാണകവും വലിയ വെല്ലുവിളി ആയിരുന്നു.ലൈറ്റുകള്‍ മുഴുവന്‍ എല്‍ ഇ ഡി ആക്കിയും പരമാവധി ഫാനുകള്‍ ബി എല്‍ സിസി യിലേക്ക് മാറ്റിയും വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണവും കുറവും വരുത്തുകയും ചെയ്തു. ജയിലിലെ കിണറുകള്‍ മുഴുവന്‍ വൃത്തിയാക്കി ദൈനംദിന ജല ആവശ്യങ്ങള്‍ക്ക് കിണര്‍ വെള്ളം ഉപയോഗിച്ചു.
ഇതിലൂടെ ഒരു വര്‍ഷം ജല അതോറിറ്റി യുടെ ചാര്‍ജിനത്തില്‍ മാത്രം 34 ലക്ഷം രൂപയുടെ കുറവ് വരുത്തി. പശുക്കളുടെ ചാണകം പൊതുജനങ്ങള്‍ക്കും കൃഷി വകുപ്പിനുമായി വളമായി കൊടുത്തു. ജയിലിലെ ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്കു മാറ്റി ബയോഗ്യാസ് ആക്കി. മുഴുവന്‍ അജൈവ മാലിന്യങ്ങളും ജയിലില്‍ തന്നെയുള്ള ഹരിത കര്‍മ്മ സേന തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്കു കൈമാറുകയും ചെയ്തു. ഏറ്റവും പ്രധാന വെല്ലുവിളിയായ മലിന ജല സംസ്കരണത്തിനു അന്തേവാസികളുടെ സേവനം ഉപയോഗിച്ച് പരമ്പരാഗത ശൈലിയായ മണലും ചകിരിയും കല്‍ക്കരിയും ഉപയോഗിച്ച് പൂര്‍ണമായും ശുദ്ധീകരിച്ച് പി.എച്ച് വാല്യൂ 7 ആക്കി എല്ലാത്തരം കൃഷികള്‍ക്കും ഉപയോഗിച്ചു. വൃക്ഷങ്ങളെ സംരക്ഷിച്ചും ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും സുഗന്ധ വീഥി എന്ന കുറ്റിമുല്ല കൃഷി നടത്തിയും പച്ചത്തുരുത്ത് നിര്‍മ്മിച്ചും ഇത്തരത്തില്‍ നിരവധിയായ മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഈ സ്വപ്ന നേട്ടം കൈവരിച്ചത്.