കോടതി ഉത്തരവിൽ വന്ന മൊഴി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ
കണ്ണൂർ : കോടതി ഉത്തരവിൽ വന്ന മൊഴി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയാണ് ശരിവെച്ചത്. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മൊഴി പൂർണമായി പുറത്ത് വന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെ. കുടുംബത്തിന്റെ ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെ. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലും ഇതേ മൊഴിയാണ് നൽകിയതെന്നും കളക്ടർ പറഞ്ഞു.
അതേസമയം കണ്ണൂർ മുൻ എഡിഎഡിഎമ്മിന്റെ മരണത്തിൽ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്തനെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രശാന്തനെയും പ്രതി ചേർക്കണമെന്നും ഹരീഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണം. ബെനാബി ഇടപാടുകൾ പുറത്ത് വരാനും അന്വേഷണം അനിവാര്യമാണെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി. അതേസമയം റിമാൻഡിലായ പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.