രാജ്യത്ത് സി.പി.എം. അംഗങ്ങളില്‍ മുന്നില്‍ ഇത്തവണയും കണ്ണൂര്‍
കണ്ണൂര്‍ : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകം ഇത്തവണയും കണ്ണൂര്‍ തന്നെ. 4421 ബ്രാഞ്ചുകളിലും 249 ലോക്കല്‍ കമ്മിറ്റികളിലും 18 ഏരിയാ കമ്മിറ്റികളിലുമായി 65,550 പാര്ട്ടിയംഗങ്ങളാണ് നിലവിലുള്ളത്. ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ ആറുവര്‍ഷം മുന്‍പാണ് കണ്ണൂര്‍ മറികടന്നത്. മൂന്നുവര്‍ഷം മുന്പുണ്ടായിരുന്നതിനെക്കാള് 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കണ്ണൂരില്‍ കൂടി. 3862 പാര്‍ട്ടിയംഗങ്ങളും ഇത്തവണ വര്‍ധിച്ചു. 1,36,275 അംഗങ്ങളാണ് ഏഴ് പ്രധാന വര്‍ഗ ബഹുജനസംഘടനക ളിലായി മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ധിച്ചത്. ഇപ്പോള്‍ 29,51,370 അംഗങ്ങള്‍ വിവിധ സംഘടനകളിലുണ്ട്. പാര്‍ട്ടിയില്‍ വനിതകളുടെ അംഗസംഖ്യയും കൂടുതല്‍ കണ്ണൂരിലാണ്. ആകെയുള്ള പാര്‍ട്ടിയംഗങ്ങളില്‍ 32.99 ശതമാനം വനിതകളാണ്. രണ്ട് ലോക്കല്‍ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിലെ സി.പി.എം. അംഗങ്ങളില്‍ 47 ശതമാനവും സ്ത്രീകളാണ്. ജില്ലാസമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി അംഗസംഖ്യയിലുണ്ടായ വളര്‍ച്ചയെക്കുറിച്ച് പറയുന്നത്.