യുഡിഎഫ് കണ്ണൂര്‍ കോർപറേഷനിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കണ്ണൂര്‍ : തർക്കങ്ങൾക്കൊടുവിൽ യുഡിഎഫ് കോർപറേഷനിലേക്കു മത്സരി ക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 56 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 38 സീറ്റിലും മുസ്ലിം ലീഗ് 18 സീറ്റിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആദികടലായി ഡിവിഷനിലും മുന്‍ ഡപ്യൂട്ടി മേയര്‍ പി. ഇന്ദിര പയ്യാമ്പലത്തും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ മുണ്ടയാടും മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം എന്‍. അജിത്ത് താളിക്കാവ് ഡിവിഷനിലും മത്സരിക്കും.
അധികം സീറ്റ് ലീഗ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ കോൺഗ്രസ് തയാറാകാത്തതും വാരം സീറ്റ് ലീഗിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നീണ്ടുപോകാൻ കാരണമായത്. ലീഗും കോൺഗ്രസും പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സിപിഎമ്മും ബിജെപിയും സ്ഥാനാർഥിക ളെ പ്രഖ്യാപിച്ചെങ്കിലും യുഡിഎഫിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായില്ല. ഒടുവിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ലീഗ് നിർബന്ധം പിടിച്ച വാരം സീറ്റ് വിട്ടുനൽകുകയും പകരം വലിയന്നൂർ സീറ്റ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് വിരാമമായത്.