പുത്തൻ റെക്കോർഡുകൾക്കും പ്രതീക്ഷകൾക്കും വഴിവെച്ച സംസ്ഥാന സ്കൂൾ കായികമേള 2025 ന് ഇന്ന് സമാപനമാകും
തിരുവനന്തപുരം : പുത്തൻ റെക്കോർഡുകൾക്കും പ്രതീക്ഷകൾക്കും വഴിവെച്ച സംസ്ഥാന സ്കൂൾ കായികമേള 2025 ന് ഇന്ന് സമാപനമാകും. എട്ട് ദിവസങ്ങൾ നീണ്ട കായികമേള ഇന്ന് വെെകിട്ടോടെ അവസാനിക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയാകും. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഗവർണർ ജേതാക്കൾക്ക് സമ്മാനിക്കും. മികച്ച സ്കൂളുകൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ് തുടങ്ങിയവർ പങ്കെടുക്കും. ഓവറോൾ ചാമ്പ്യന്മാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുക യും ചെയ്യും. വർണാഭമായ സാംസ്കാരിക പരിപാടികളും അരങ്ങേറും. 100 ഭിന്നശേ ഷി വിദ്യാർഥികളുടെ സംഘനൃത്തവും 500 പേർ അണിനിരക്കുന്ന സൂംബയും പരിപാടിയുടെ മുഖ്യ ആകർഷകമാകും. ബാൻഡ്മേളം, മ്യൂസിക് ബാൻഡ് എന്നിവയും ഉണ്ടാകും. സമാപന ചടങ്ങിനുമുമ്പ് പകൽ 2.30 മുതൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങളിലെ വിജയികൾക്കുള്ള സമ്മാനം പ്രമുഖർ വിതരണം ചെയ്യും. അങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ആഘോഷങ്ങൾക്കും ആരവത്തിനും താൽക്കാലിക തിരശീല വീഴുകയാണ്.