കൊട്ടിയൂർ വൈശാഖോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖോത്സവം വെള്ളിയാഴ്ച തൃക്കലശാട്ടോടെ സമാപിക്കും. അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, കുടിപതികളുടെ തേങ്ങയേറ് എന്നിവയാണ് വ്യാഴാഴ്ച നടക്കുന്ന പ്രധാന ചടങ്ങുകൾ. വൈശാഖോത്സവത്തിലെ ചതുശ്ശതങ്ങളിൽ അവസാനത്തേതാണ് അത്തം നാളായ വ്യാഴാഴ്ച നിവേദിക്കുക. ദേവസ്വം വകയാണ് അത്തം നാളിലെ ചതുശ്ശതം അഥവാ വലിയവട്ടളം പായസം. ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതികൾ തേങ്ങയേറും നടത്തും. വ്യാഴാഴ്ച രാത്രി തുടങ്ങുന്ന കലശപൂജകൾ പുലർച്ചെ വരെ നീളും. ബുധനാഴ്ചയും വലിയ ഭക്തജനപ്രവാഹമാണ് അക്കരെ കൊട്ടിയൂരിലേക്കുണ്ടായത്. കെ.മുരളീധരൻ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി