കൊട്ടിയൂരിൽ ഈ വർഷത്തെ ദർശനകാലം ആരംഭിച്ചു; സ്ത്രീകളും അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചു തുടങ്ങി
കൊട്ടിയൂർ : മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെട്ട ഭണ്ഡാരമെഴുന്നള്ളത്ത് തിങ്കളാഴ്ച അർധരാത്രിക്കുശേഷം മുതിരേരി വാളിനൊപ്പം അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ കൊട്ടിയൂരിൽ ഈ വർഷത്തെ ദർശനകാലം ആരംഭിച്ചു. സ്ത്രീകളും അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചു തുടങ്ങി. 24ന് ഉച്ചശീവേലിവരെ സ്ത്രീകൾക്ക് അക്കരെ ദർശനം നടത്താം. തിരുവഞ്ചിറയിൽ നിത്യപൂജകൾക്കും തുടക്കമായി. തിങ്കൾ രാത്രി ഒമ്പതരയോടെയാണ് ഭണ്ഡാരമെഴുന്ന ള്ളത്ത് പുറപ്പെട്ടത്. ചപ്പാരം ഭഗവതിയുടെ വാളുകളും ഭണ്ഡാരത്തോടൊപ്പം കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. പരമ്പരാഗത വാദ്യങ്ങളുടെയും രണ്ടാനകളുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടത്തിയത്. കുടിപതി സ്ഥാനികർക്കാണ് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുന്നതിനുള്ള പാരമ്പര്യ അവകാശം. ഏറ്റവും മുമ്പിൽ സ്വർണപാത്രങ്ങളും തുടർന്ന് തിരുവാഭരണ ചെപ്പ്, വെള്ളിവിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ, പിന്നിലായി വാദ്യഘോഷങ്ങൾ എന്നിങ്ങനെയാണ് എഴുന്നെള്ളത്ത് പുറപ്പെട്ടത്. ഭണ്ഡാരമെഴുന്നള്ളത്ത് കൊട്ടിയൂരിലെത്തുംമുമ്പ് അഞ്ചിടത്തായി വാളാട്ടങ്ങളും നടത്തി. മുതിരേരിയിൽനിന്ന് എഴുന്നള്ളിച്ചു കൊണ്ടുവന്ന് ഇക്കരെ ക്ഷേത്ര ശ്രീകോവിലിൽ സൂക്ഷിച്ച വാളും ഘോഷയാത്രയുടെ കൂടെ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ചു.