ബിവറേജസ് കോര്‍പറേഷന്റെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി ധാരണയായി; പൈലറ്റ് പദ്ധതി തിരുവനന്തപുരത്തും കണ്ണൂരും
കണ്ണൂർ : ബിവറേജസ് കോര്‍പറേഷന്റെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി ധാരണയായി. പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ആദ്യം തിരുവനന്തപുരം കോര്‍പറേഷനിലും കണ്ണൂരിലെ പഞ്ചായത്ത് മേഖലയിലുമാണ് നടപ്പാക്കുന്നത്. ഒഴിഞ്ഞ കുപ്പികള്‍ പാതയോരത്തും ജലാശയങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം വലിച്ചെറിയുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. ബെവ്കോ എംഡി, തദ്ദേശ സ്പെഷ്യല്‍ സെക്രട്ടറി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലീൻ കേരള കരട് നിര്‍ദേശം കൈമാറി. പദ്ധതി ഉടൻ ആരംഭിക്കാനാണ് തീരുമാനം. വിജയമായാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. കുപ്പികള്‍ നിക്ഷേപിക്കാനുള്ള ബൂത്തുകള്‍ ഔട്ട്ലെറ്റുകള്‍ക്ക് സമീപം ബെവ്കോ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ കമ്പനി കുപ്പികള്‍ ശേഖരിക്കും. തിരുവനന്തപുരം കോര്പറേഷൻ പരിധിയില്‍ 12 ബെവ്കോ ഔട്ട്ലെറ്റുകളാണുള്ളത്. കുപ്പികള്‍ നീക്കാൻ കിലോഗ്രാമിന് മൂന്ന് രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. അത് ബെവ്കോ വഹിക്കാനാണ് പ്രാഥമിക ധാരണ. ലാഭം നോക്കുന്നില്ലെന്നും പദ്ധതിയുടെ പ്രായോഗികതയ്ക്കാണ് ഊന്നലെന്നും ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ് കുമാര്‍ പറഞ്ഞു.