എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; മകള്‍ ആശയുടെ ഹരജി തള്ളി
കൊച്ചി : സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെ തിരായ മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. മൃതദേഹം ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിനായി കൈമാറിയ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ആശ അപ്പീൽ നല്‍കിയത്. വിഷയത്തിൽ ഹൈക്കോടതി നേരത്തെ മധ്യസ്ഥനെ നിയോഗിച്ചെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്ന് മകൻ സജീവന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം.എം ലോറൻസ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ലോറന്‍സ് കഴിഞ്ഞ സെപ്തംബര്‍ 21നായിരുന്നു അന്തരിച്ചത്.