മൂന്നാറില്‍ ആരംഭിച്ച ഡബിള്‍ ഡക്കർ എ സി ബസ് വന്‍ വിജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ
മൂന്നാർ : കെ എസ് ആർ ടി സി മൂന്നാറില്‍ ആരംഭിച്ച ഡബിള്‍ ഡക്കർ എ സി ബസ് വന്‍ വിജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഒരുമാസം പിന്നിട്ടപ്പോള്‍ 1313400 രൂപയുടെ നേട്ടമാണ് ഈ സർവ്വീസുകൊണ്ടുണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാർ തന്നെ രൂപകല്‍പ്പന ചെയ്തു നിർമ്മിച്ച ബസാണ് എന്നതാണ് ഈ സർവ്വീസിന്റെ മറ്റൊരു പ്രത്യേകത. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ബസുകള്‍ ഇറക്കാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈപ്പിൻകരയുടെ നിരവധി കാലത്തെ പോരാട്ടത്തിലൂടെ ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിന് തുടക്കമായിരിക്കുകയാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന ബസ്സുകള്‍ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാല്‍ കൂടുതല്‍ ബസ്സുകള്‍ വൈപ്പിനിലേക്ക് വിട്ടു നല്‍കുമെന്നും മന്ത്രി പറഞ്ഞു. പത്ത് കെ എസ് ആർ ടി സി ബസുകള്‍ക്കും നാല് പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് വൈപ്പിനില്‍ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യ ഘട്ടമായി കളമശ്ശേരി മെഡിക്കല്‍ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകള്‍. ഈ ബസ്സുകള്‍ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബസ്സുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.