ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിന് കാരണം തുമ്പച്ചെടിയല്ല; വെളിപ്പെടുത്തലുമായി പൊലീസ്
ആലപ്പുഴ : ചേർത്തലയിലെ വീട്ടമ്മയായ ജെ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നും അതാകാം മരണകാരണ മെന്നുമാണ് പൊലീസ് പറയുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ നിന്നാണ് പൊലീസിന്റെ പ്രതികരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പച്ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെയാണ് തുമ്പയ്ക്ക് വില്ലൻ പരിവേഷം കിട്ടിയത്.ഇക്കഴിഞ്ഞ മേയിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.