തുടർച്ചയായ മൂന്നാം കളിയിലും വെടിക്കെട്ട് അർധസെഞ്ചുറിയുമായി സ്മൃതി മന്ദാന; ഇന്ത്യക്ക് വമ്പൻ ജയവും പരമ്പരയും
തുടർച്ചയായ മൂന്നാം കളിയിലും വെടിക്കെട്ട് അർധസെഞ്ചുറിയുമായി സ്മൃതി മന്ദാന തിളങ്ങിയപ്പോൾ മൂന്നാം ടി20 യിൽ വിൻഡീസിനെ 60 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതാ ടീം, നിശ്ചിത 20 ഓവറുകളിൽ 217/4 എന്ന കിടിലൻ സ്കോർ നേടിയപ്പോൾ, വെസ്റ്റിൻഡീസിന്റെ മറുപടി 157/9 ൽ അവസാനിച്ചു. ജയത്തോടെ മൂന്ന് മത്സര പരമ്പരയും ഇന്ത്യ സ്വന്തമാക്കി ( 2-1 ). നേരത്തെ ആദ്യ ടി20 യിൽ ഇന്ത്യയും രണ്ടാം ടി20 യിൽ വെസ്റ്റിൻഡീസും തകർപ്പൻ ജയം നേടിയിരുന്നു. ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പര ഈ മാസം 22 ന് ആരംഭിക്കും.
അതേ സമയം സ്മൃതി മന്ദാനയുടെ വെടിക്കെട്ടാണ് ഈ കളിയിലെ ഏറ്റവും ശ്രദ്ധേയ കാര്യങ്ങളിലൊന്ന്. ഈ പരമ്പരയിൽ ഹാട്രിക്ക് അർധസെഞ്ചുറികളാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. വ്യാഴാഴ്ച രാത്രി നടന്ന മൂന്നാം ടി20 യിൽ വെറും 27 പന്തുകളിൽ അർധസെഞ്ചുറി കണ്ടെത്തിയ മന്ദാന, 47 പന്തിൽ 77 റൺസ് നേടിയാണ് പുറത്തായത്. ഈ ഇന്നിങ്സിനിടെ രണ്ട് കിടിലൻ റെക്കോഡുകളാണ് മന്ദാന തന്റെ പേരിലാക്കിയത്. സ്മൃതി മന്ദാനയുടെ അന്താരാഷ്ട്ര ടി20 കരിയറിലെ മുപ്പതാം അർധസെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരെ പിറന്നത്. ഇതോടെ ടി20 യിൽ ഏറ്റവും കൂടുതൽ തവണ 50 ന് മുകളിൽ സ്കോർ നേടുന്ന വനിതാ താരമെന്ന ലോക റെക്കോഡ് മന്ദാനക്ക് സ്വന്തമായി. ടി20 യിൽ 29 തവണ 50 പ്ലസ് സ്കോർ നേടിയ ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ റെക്കോഡാണ് സ്മൃതി പഴങ്കഥയാക്കിയത്. 25 ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയ ഓസ്ട്രേലിയൻ താരം ബെത് മൂണിയാണ് ഈ ലിസ്റ്റിൽ മൂന്നാമത്