കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു; മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ
കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.
2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായി രുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.