കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്മരണ ദിനം; ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഇരുപത്തിയൊന്ന് വര്‍ഷം
ജനകീയനായ കമ്മ്യൂണിസ്റ്റ് എന്ന് എകെജിയെയും വി എസ് അച്യുതാനന്ദനെയും വിശേഷിപ്പിക്കു മ്പോള്‍ ഏറ്റവും സഹൃദയനായ കമ്മ്യൂണിസ്റ്റ് എന്ന വിഷേണത്തിന് അര്‍ഹനായ ഏക നേതാവ് ഇ കെ നായനാരാണ്. വിടപറഞ്ഞ് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുമ്പോഴും നായനാരെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിയുക നിഷ്കളങ്കമായ ആ നിറഞ്ഞ ചിരി തന്നെയാകും. രാഷ്ട്രീയത്തിന് ഉപരിയായ സ്നേഹത്തോടെയായിരുന്നു ഇ കെ നായനാരുടെ ആ ചിരി കേരളം ചേര്‍ത്തു പിടിച്ചിരുന്നത്. രാഷ്ട്രീയ വിമശനങ്ങളുടെ കാര്‍ട്ടൂണുകളില്‍ പോലും നായനാരുടെ ട്രേഡ് മാര്‍ക്ക് ആ ചിരിയായിരുന്നു. ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോട് ഏത് കടലാസാ, എവിടുത്തെ പത്രക്കാരനാ എന്ന നായനാരുടെ വാര്‍ത്താസമ്മേളനങ്ങളിലെ പതിവ് ചോദ്യം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഒരുപക്ഷെ അക്കാലത്തുണ്ടാകുമായിരുന്നില്ല. പിന്നീട് പല നേതാക്കളും മാധ്യമ പ്രവര്‍ത്തകരോട് ആ നിലയില്‍ എത് കടലാസാണ് എന്ന ചോദിക്കുന്ന ശൈലി അനുകരിച്ചെങ്കിലും അത് നായനാരോളം ഹൃദ്യമായും സൗഹാര്‍ദ്ദപരമായും ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കോ കാഴ്ചക്കാര്‍ക്കോ തോന്നിയിട്ടുണ്ടാകില്ല എന്ന് തീര്‍ച്ചയാണ്. മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് പറയുന്നതില്‍ അഭിമാനിച്ചിരുന്ന നേതാവ് കൂടിയായിരുന്നു നായനാര്‍.
സിപിഐഎം രൂപീകരിക്കുന്നതിന് മുന്നോടിയായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലിലില്‍ നിന്നും ഇറങ്ങിപ്പോന്ന നേതാവായിരുന്നു നായനാര്‍. പിന്നീട് വി എസ് അച്യുതാനന്ദന് സെക്രട്ടറിയായിരിക്കെ ബദല്‍രേഖ കാലത്ത് വി എസ് വിരുദ്ധപക്ഷത്തായിരുന്നു നായനാര്‍. ഇഎംഎസിന്റെ പിന്തുണയോടെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി 1991 നായനാര്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയത് സിപിഐഎമ്മിലെ വിഭാഗീയതയില്‍ നിര്‍ണ്ണായക പങ്കുള്ള സംഭവമായി ചരിത്രം അടയാളപ്പെടുത്തു ന്നുണ്ട്. 1980ലും 1987ലും പിന്നീട് 1996ലും പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ സവിശേഷമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നായനാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നായനാരുടെ ജനകീയത പിന്നീട് ഈ സംഭവങ്ങളെയെല്ലാം പാര്‍ട്ടിക്കുള്ളിലെ ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ മാത്രം ഒതുക്കി നിര്‍ത്തി. അത്രയേറെ ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരനായി നിറഞ്ഞ് നില്ക്കാന് നായനാര്‍ക്ക് സാധിച്ചിരുന്നു.
ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് നായനാര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാകുന്നത്. പിന്നീട് 1972ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1991ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1992ലാണ് നായനാര്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പിബിയില്‍ എത്തുന്നത്. 1967ല്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയണ് നായനാരുടെ പാര്‍ലമെന്ററി രംഗത്തേയ്ക്കുള്ള കടന്ന് വരവ്. 1974ലെ ഉപതിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1980ല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1982ല്‍ മലമ്പുഴയില്‍ വിജയം ആവര്‍ത്തിച്ചു. ഇതേ വര്‍ഷം പ്രതിപക്ഷ നേതാവായി. 1987ലും 1991ലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേയ്ക്ക് മത്സരിച്ച് വിജയിച്ചത്. 1996ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് അച്യുതാനന്ദന് മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മത്സരരംഗത്തില്ലാതിരുന്ന നായനാരെ സിപിഐഎം മുഖ്യമന്ത്രിയായി നിയോഗിച്ചു. തലശ്ശേരിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് നേരിട്ടായിരുന്നു നായനാര്‍ പിന്നീട് മുഖ്യമന്ത്രിയായത്. 1919 ഡിസംബര്‍ 9ന് കണ്ണൂര്‍ കല്യാശ്ശേരി മൊറാഴയില്‍ ഗോവിന്ദന് നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന് നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. രാഷ്ട്രീയ ഗുരുവെന്ന് നായനാര്‍ തന്നെ വിശേഷിപ്പിച്ച കെപിആര്‍ ഗോപാലന്റെ അനന്തരവള്‍ ശാരദ ടീച്ചറെ 1958 സെപ്റ്റംബറില്‍ വിവാഹം കഴിച്ചു. 2004 മെയ് 19ന് നായനാര്‍ അന്തരിച്ചു.