ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായം; ഐ എം വിജയന് ഇന്ന് യാത്രയയപ്പ്
മലപ്പുറം : ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായം ഐ എം വിജയൻ ഇന്ന് അമ്പത്താറാം പിറന്നാൾ ദിവസം അഴിച്ചുവയ്ക്കുന്നു. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് ആയ വിജയന് പൊലീസ് സേന യാത്രയയപ്പ് നൽകും. ഇന്ന് രാവിലെ എട്ടിന് നടക്കുന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിക്കുന്നതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ് മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ് ഫുട്ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങും. 30നാണ് സർവീസ് കാലാവധി പൂർത്തിയാവുക.
1969 എപ്രിൽ 25ന് തൃശൂർ കോലോത്തുംപാടം അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായി ജനനം. 1986ൽ കേരള പൊലീസിൽ അതിഥി താരമായി. 1987ൽ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്വാര, എഫ്സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബുകളിൽ കളിച്ചു. 1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത് ഇന്ത്യൻ നായക കുപ്പായവും അണിഞ്ഞു. 88 കളിയിൽ 39 ഗോളുകളും നേടി. 2006ൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്ബോളിൽനിന്ന് വിടവാങ്ങി. എഎസ്ഐ ആയാണ് തിരികെ പൊലീസിൽ പ്രവേശിക്കുന്നത്. 2021ൽ എംഎസ്പി അസി. കമാൻഡന്റ് ആയി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.