ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നതായി കണ്ടെത്തൽ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം മരണം
ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നതായി കണ്ടെത്തൽ. ബ്ലൂംബർഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഈ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം 2022 ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ബാക്ടീരിയ ബാധിച്ചാൽ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന രോഗം കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ രോഗബാധാനിരക്ക് തുടർന്നാൽ ഈ വർഷം 2500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.
അതേസമയം 30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിന് കണക്കാക്കുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ സാധാരണയായി കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. ചിലരിൽ ഇത് സന്ധിവേദന, സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയവയ്ക്കു കാരണമാകാം. അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും അങ്ങനെ മരണത്തിനിടയാക്കുകയും ചെയ്യാം.