തകിടം മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ; രാജ്യത്ത് ഏറ്റവും ചൂടിന്ന് കണ്ണൂരില്‍
കണ്ണൂർ : ഡിസംബറിൽ കാലം തെറ്റിയുള്ള കാലാവസ്ഥ ശൈത്യത്തെ മാറ്റി നിർത്തുകയാണ്. കേരളം തണുത്ത് വിറക്കേണ്ട സമയമായിട്ടും ചൂട് മാറിയിട്ടില്ല. ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയാണ് വില്ലനായതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി ഇതേ കാലാവസ്ഥ ആയിരിക്കും. വൃശ്ചിക മാസത്തിൽ രാത്രിയും പുലർച്ചെയുമെല്ലാം തണുത്ത് വിറക്കേണ്ട കാലാവസ്ഥ യാണിപ്പോള്‍ വേണ്ടത്. എന്നാൽ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ ആണെങ്കിൽ ഭീകര ചൂടും. നവംബർ 28നും ഡിസംബർ 14നുമിടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയിൽ നാല് തവണയാണ് കണ്ണൂർ വന്നത് എന്നതും ആശങ്കപ്പെടുത്തുന്നു.
മൂന്നാറിലും തണുപ്പ് കുറയുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ ഇതേസമയം അഞ്ച് ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യത്തിന് താഴെ വരെയായിരുന്നു. എന്നാൽ ഇപ്പോള്‍ 8 മുതൽ 9.3 ഡിഗ്രി സെൽഷ്യസാണ് മൂന്നാർ മേഖലയിൽ ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. സംസ്ഥാനത്ത് പല ജില്ലകളിലും മഴ ഇപ്പോഴും തുടരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കൃഷിയെയും ബാധിക്കും. കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വലിയ കൃഷി നാശം ഉണ്ടായി. പാടങ്ങളിൽ വെള്ളം കയറി. മുളച്ചുവന്ന വിത്തുകൾ എല്ലാം നശിച്ചു പോയെന്ന് കർഷകർ പറയുന്നു. മാവ്, പ്ലാവ് എന്നിവ പൂക്കുന്നതിനെയും കുരുമുളക് കൃഷിയെയും കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.