കൊല്ലം പള്ളി വളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : എസ്എൻ കോളേജ് ജംഗ്ഷനിലെ സിഎസ്ഐ പള്ളി വളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളി ജീവനക്കാരനാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. എല്ലാ അസ്ഥികളും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സ്യൂട്ട്കേസ് കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് പൊതു റോഡാണ്. അവിടെ നിന്നും ആരെങ്കിലും പള്ളി വളപ്പിലേക്ക് ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.