കെ.എസ്.ഇ.ബി. പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍ട്ടല്‍ നിലവിൽവന്നു
തിരുവനന്തപുരം : കെ.എസ്.ഇ.ബി. പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രത്യേക വെബ്പോര്‍ട്ടല്‍ നിലവിൽവന്നു. ots.kseb.in എന്ന വെബ്പോര്‍ട്ടലിലൂടെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ തന്നെ ലോടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയും. മുമ്പെങ്ങുമില്ലാത്തത്ര ആകർഷകമായ ഇളവുകളോടെ അവതരിപ്പിച്ചിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 2 വർഷത്തിനുമുകളിൽ പഴക്കമുള്ള കുടിശ്ശികകളാണ് തീർപ്പാക്കാൻ കഴിയുക.
10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രമായിരിക്കും പലിശ. 2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നൽകിയാൽ മതിയാകും. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീർക്കുന്ന വർക്ക് മുതലിൽ 5% അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശ്ശിക തീർപ്പാക്കാൻ കെ എസ് ഇ ബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാര- ത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാൻ അവസരമുണ്ട്. അത്തരം കുടിശ്ശികകൾ തീർപ്പാക്കുന്നതിന്, ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യൽ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ബന്ധപ്പെടേണ്ടത്.