സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് തമിഴ്നാട് സ്വദേശിക്ക്; പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം
പാലക്കാട് : സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് തമിഴ്നാട് സ്വദേശിക്ക്. സമ്മാനാർഹൻ പാലക്കാട്ടെ ലോട്ടറി ഏജൻസിയിലെത്തി ടിക്കറ്റിന്റെ പകർപ്പ് കൈമാറിയെന്നാണ് വിവരം. അതേസമയം, ഭാഗ്യശാലിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. ഏപ്രിൽ രണ്ടിന് ഫലപ്രഖ്യാപനം നടത്തിയ ലോട്ടറിയുടെ ഒന്നാം സമ്മാനാർഹനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. SG 513715 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്. പാലക്കാട് ജില്ലയിലെ സുരേഷ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ധനലക്ഷ്മി ലോട്ടറി ഏജൻസീസ് എന്ന സബ് ഏജൻസി എടുത്ത 180 ടിക്കറ്റിൽ ഒന്നിനായിരുന്നു സമ്മാനം. സമ്മാനാർഹൻ അടുത്ത ദിവസം ലോട്ടറി ആസ്ഥാനത്തെത്തി രേഖകൾ കൈമാറുമെന്നാണ് വിവരം.