
മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി
മലപ്പുറം : നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സർജന്മാരടക്കം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി വെടിയുണ്ട ബാലസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ആനയുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു വനം വകുപ്പ് വ്യക്തമാക്കിയിരുന്നത്.
കസേര കൊമ്പൻ നിലമ്പൂരിലെ ചോളമുണ്ടയിൽ എത്തുന്നതിന് മുന്നേ തമിഴ്നാട് വനമേഖലയിലായിരുന്നു വെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ വെടിയേറ്റത് തമിഴ്നാട്ടിൽ നിന്നാണോ കേരളത്തിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാട്ടാനയുടെ മരണകാരണം ഹൃദയാഘാതമെന്ന് പറയുമ്പോഴും ആനയുടെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു. ആനയുടെ പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.