പി.പി. ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി സെഷന്‍സ് കോടതി പരിഗണിക്കും
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യഹര്‍ജി ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.കണ്ണൂര്‍ ജില്ല കളക്ടറുടെ മൊഴി ആയുധമാക്കാന്‍ ദിവ്യയുടെ നീക്കം. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേരും. വ്യാഴാഴ്ചയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്, പ്രശാന്തന് എന്നിവരുടെ മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. യാത്രയയപ്പ് ദിവസം തന്നോട് നവീൻ ബാബു സംസാരിച്ചെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്.
ഈ വാദത്തെ ശരിവച്ചുകൊണ്ട് ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നു കാട്ടി കണ്ണൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം ശക്തമായി എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. റിമാന്‍ഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.