നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ്
നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ്. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും എത്ര മൂടി വച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘‘തീർച്ചയായും ഗൂഢാലോചനയുടെ ഫലമായാണ് എന്നെ പുറത്താക്കിയ ഈ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്നെ പുറത്താക്കുക എന്ന തീരുമാനം എടുത്തത് തന്നെ. ആരൊക്കെ ചേർന്ന് പുറത്താക്കി എന്ന് ചോദിച്ചാൽ അത് ഭാരവാഹികൾ ഒക്കെ തന്നെയാണെന്നു പറയേണ്ടി വരും. ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്. ഇവർ എത്ര മൂടി വച്ചാലും സത്യം പുറത്തുവരും. ഒരു ജോലി സ്ഥലത്തെ ജോലിക്കാർക്ക് ലൈംഗികാതിക്രമം നേരിട്ടാൽ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ ഞാൻ ഒരു തൊഴിലുടമയാണ്. എന്നെപ്പോലെ ഒരാൾക്ക് അത് പോയി പറയാൻ ഒരു ഇടമില്ല. അതുകൊണ്ട് ഇതുപോലൊരു പ്രശ്നം ഇനി ഇവിടെ ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്, മറ്റുള്ള സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ ഞാൻ തീരുമാനിച്ചത്.