സോളാർ പ്ലാന്റുകൾക്കുള്ള മീറ്റർ തയ്യാർ; വിതരണത്തിനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം : വീടിനുമുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്കായി 10,000 സിംഗിൾ ഫേസ്, 27, 500 ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വിതരണത്തിന് തയ്യാർ. തിരുമല (തിരുവനന്തപുരം), പള്ളം (കോട്ടയം),അങ്കമാലി (എറണാകുളം), ഷൊർണൂർ (പാലക്കാട്), കണ്ണൂർ ടിഎംആർ (ട്രാൻസ്ഫോർമർ ആൻഡ് മീറ്റർ റിപ്പയറിങ്) കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെക്ഷൻ ഓഫീസുകളിൽ അടുത്ത ദിവസങ്ങളിൽ ഇവ ലഭ്യമാകും. ഇപ്പോഴത്തെ കണക്കനുസരിച്ച് 3740 സിംഗിൾ ഫേസ് ഉപഭോക്താക്കൾക്കും 13 ത്രീ ഫേസ് ഉപഭോക്താക്കൾക്കുമാണ് മീറ്റർ നൽകുക. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ വീടുകളിലും നെറ്റ് മീറ്ററുകൾ സ്ഥാപിച്ച് കെഎസ്ഇബിയുടെ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കെഎസ്ഇബി സ്ഥാപിക്കുന്ന മീറ്ററുകൾക്ക് സിംഗിൾ ഫേസിന് ഓരോ ബില്ലിലും 30രൂപയും ത്രീ ഫേസിന് 35രൂപയും വാടക നൽകിയാൽ മതി. മീറ്ററുകൾക്ക് ആജീവനാന്ത വാറന്റി ഉണ്ട്. പുറത്തുനിന്ന് മീറ്റർ വാങ്ങാൻ സിംഗിൾ ഫേസിന് 3,500 രൂപയും ത്രീ ഫേസിന് 7, 500 രൂപയുമാണ് ചെലവ്.