ഇറച്ചിക്കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും
തളിപ്പറമ്പ : ഇറച്ചിക്കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2023 ഫെബ്രുവരി 27 ന് തളിപ്പറമ്പ് സർസയ്യിദ് കോളജിന് സമീപത്തെ ഇറച്ചിക്കടയുടെ മുന്നിൽ വച്ച് 57.7 ഗ്രാം മെത്താഫിറ്റമിൻ സഹിതം എക്സൈസ് അറസ്റ്റ് ചെയ്ത തളിപ്പറമ്പ് സ്വദേശി പി.കെ ഷഫീഖിനെയാണ് വടകര അഡീഷണൽ സെഷൻസ് ജഡ്ജ് വി.ജി ബിജു ശിക്ഷിച്ചത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റൻ്റ എക്സൈസ് കമ്മീഷണർ പി.എൽ ഷിബു എന്നവരാണ് തുടരന്വേഷണം നടത്തി വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറിയെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ ജോർജ് ഹാജരായി.