യു.പിയിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു
ന്യൂഡൽഹി : യു.പിയിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 116 പേരാണ് മരിച്ചത്. സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് ദുരന്തം.
ബാബയെ ദർശിക്കാനും കാലിനടിയിൽനിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെറിയ സ്ഥലത്ത് പരിധിയിൽ കൂടുതൽ പേർ ഒത്തുകൂടിയതാണ് അപകട കാരണമെന്ന് സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആശിഷ് കുമാർ പറഞ്ഞു. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമാണ് അടുത്തുള്ള ആശുപത്രികളിലെത്തിച്ചത്. അതിനകം പലരും മരിച്ചിരുന്നു. മൃതദേഹങ്ങൾ ആശുപത്രി പരിസരത്ത് നിരത്തിയിട്ടിരിക്കുന്നതും ബന്ധുക്കൾ വിലപിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഹാഥറസ് ജില്ല മജിസ്ട്രേറ്റ് ആശിഷ് കുമാർ പറഞ്ഞു. പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലായിരുന്നുവെന്ന് പറയുന്നു.