കൊല്ലത്ത് ഒരു ക്ലിനിക്കില്‍ അതിക്രമിച്ചു കയറി വനിതാ ദന്ത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം : കൊല്ലം പത്തനാപുരത്ത് ഒരു ക്ലിനിക്കില്‍ അതിക്രമിച്ചു കയറി വനിതാ ദന്ത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ (25) ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ പത്തനാപുരത്തെ ക്ലിനിക്കില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം.
ജോലി സമയം കഴിഞ്ഞ് ക്ലിനിക്കിലെ മറ്റ് ജീവനക്കാരെല്ലാം മടങ്ങിയതിന് ശേഷമാണ് സല്‍ദാൻ ക്ലിനിക്കില്‍ അതിക്രമിച്ചു കയറിയത്. ഡോക്ടർ ക്ലിനിക്ക് അടച്ച് പുറത്ത് ഇറങ്ങാനുള്ള തയ്യാറെടുപ്പിലായി രുന്നു. ഈ സമയം ക്ലിനിക്കില്‍ അതിക്രമിച്ച് കയറിയ സല്‍ദാൻ ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. ഡോക്ടർ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍, പ്രതി തന്റെ കയ്യില്‍ കരുതിയ തുണി ഡോക്ടറുടെ വായില്‍ തിരുകി. എന്നാല്‍, ഡോക്ടർ ധീരമായി ചെറുത്തുനിന്ന് പ്രതിയെ തള്ളിമാറ്റി ക്ലിനിക്കിന് പുറത്തേക്ക് ഓടി. ഡോക്ടറുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട്, ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സല്‍ദാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.