വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന് ഭാഗമായി വയനാട്ടിൽ രണ്ട് ടൗൺഷിപ്പുകൾ നിർമിക്കും. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാംഘട്ടമായി പുനരധിവസിപ്പിക്കും. മേപ്പടിയിൽ നെടുമ്പാലയിലും കൽപ്പറ്റ എൽ സോണിലും മോഡൽ ടൗൺഷിപ്പുകളും നിർമിക്കും. വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. സഹായം പക്ഷേ ഇതുവരെ അത്തരം ഒരു സഹായം നൽകുന്ന നിലയുണ്ടായില്ല.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വഹിതം കൂടാതെ 291കോടി രൂപയാണ് അടിയന്തര ദുരിതാശ്വാസ സഹായമായി അഭ്യർത്ഥിച്ചത്. 291 കോടിയിൽ 145.6 കോടി ആദ്യം നേരത്തെ അനുവദിച്ചിരുന്നു. ഇത് സാധാരണ നടപടിക്രമമാണ്. ദുരന്തത്തിന്റെ ഭാഗമായി നൽകുന്നതല്ല. പ്രത്യേക സഹായം ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തു. കേന്ദ്രത്തിന്റെ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് ഒന്നുകൂടെ കേന്ദ്രത്തോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.