മണൽ ശുചീകരണ പ്ലാൻ്റ്; ലീഗ് ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയെന്ന് കെ.വി സുമേഷ് എംഎൽഎ
കണ്ണൂർ : സംസ്ഥാന സർക്കാർ 2023ൽ പാസാക്കുകയും കേരള മാരിടൈം ബോർഡ് സംസ്ഥാനത്തെ പോർട്ടുകളിൽ പ്രഖ്യാപിക്കുകയു ചെയ്ത പദ്ധതിയാണ് ശാസ്ത്രീയമായ മണൽ ശുചീകരണ പ്ലാൻ്റ്. അശാസ്ത്രീയമായി മണലൂറ്റി ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടിയാണ് സംസ്ഥാനത്ത് പോർട്ടുകൾ കേന്ദ്രീകരിച്ച് മണൽ ശുചീകരണ പ്ലാൻ്റ് സ്ഥാപിക്കുന്നത്. ഇത് മണൽ ഊറ്റൽ അല്ല കൃത്യമായി ഡ്രജ് ചെയ്ത് എടുക്കുന്നതിൽ നിന്ന് മണലും വെയിസ്റ്റ് മണലും തരംതിരിച്ച് ശുദ്ധീകരിച്ച് എടുക്കുന്ന പ്ലാൻ്റാണെന്നാണ് മനസ്സിലാക്കുന്നത്. അഴീക്കൽ പോർട്ടിന്റെ പ്രത്യേകത തന്നെ കപ്പൽ ചാലിനു വേണ്ടി ഡ്രജ് ചെയ്ത് നിരന്തരം മണൽ എടുക്കാറുണ്ട്. ആ ഡ്രജ് ചെയ്ത് എടുക്കുന്ന മണൽ നശിച്ചു പോകുകയാണ് ചെയ്യാറ്. ഈ മണൽ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പ്ലാൻ്റ് ഇത് പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെയുമാണ് ചെയ്യുന്നത് എന്നാണ് മാരിടൈം ബോർഡിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും മനസ്സിലാകുന്നത്. മാരിടൈം ബോർഡ് ടെൻഡർ വിളിച്ചിട്ടാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. ടെൻഡർ ചെയ്ത് എടുത്ത കമ്പനിയാണ് ഇതിൻ്റെ മറ്റ് നടപടികൾ നീക്കുക. ആ കമ്പനി കണ്ടെത്തുന്ന സ്ഥലം ഈ പദ്ധതിക്ക് അനുയോജ്യമാണോ എന്നുള്ളത് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ സ്ഥാപിക്കാൻ സാധിക്കൂ. സ്ഥലം പരിശോധിച്ച് പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുകയുള്ളൂ. ഈ പ്ലാൻ്റ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതാണെങ്കിൽ അനുമതി നൽകില്ല എന്നാണ് അറിയാൻ കഴിയുന്നത്.
മൂന്നാഴ്ചകൾക്ക് മുൻപാണ് പാപ്പിനിശ്ശേരിയിലാണ് ഇതിന് ടെൻഡർ എടുത്ത കമ്പനി സ്ഥലം കണ്ടെത്തിയിരിക്കുന്നത് എന്ന് പറഞ്ഞ് നാലുപേർ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എം.എൽ.എ ഓഫീസിൽ വന്നു. ആദ്യം അവർ പറയുന്നത് പൂർണമായി കേട്ടതിനു ശേഷം ശാസ്ത്രീയമായി മനസ്സിലാക്കിയ കാര്യം അവരോട് പങ്കുവെക്കുകയാണ് ചെയ്തത്. എൽഡിഎഫ് സർക്കാരിൻ്റെ പദ്ധതികളോടുള്ള എൻ്റെ നിലപാടാണ് അവരോട് കൃത്യമായി പറഞ്ഞത്. കൂട്ടത്തിലുള്ള ഒരാളാണ് എന്നോട് പ്രകോപനപരമായി സംസാരിച്ചത്. അപ്പോൾ തന്നെ മറ്റുള്ളവർ ഇടപെട്ട് അത് തടയുകയും ചെയ്തിരുന്നു. അല്ലാതെ ഒരാളോടും മോശമായി സംസാരിക്കുന്ന നില ഒരു ഘട്ടത്തിലും എടുത്തിട്ടില്ല. വസ്തുതാ വിരുദ്ധമായ കാര്യമാണിത്. എന്നെ കാണാൻ വന്നവർ ഉന്നയിച്ച ആശങ്ക കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പു നൽകി. അത് പോർട്ട്, മാരിടൈം ബോർഡ്, കമ്പനി അധികൃതർ എന്നിവരെ കൃത്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എവിടെയാണ് പ്ലാൻ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിനുശേഷം മാത്രമേ പദ്ധതി അവിടെ നടപ്പിലാക്കാൻ പാടുള്ളൂ എന്ന കൃത്യമായ നിലപാട് അവരെ അറിയിക്കുകയും ചെയ്തു. ഇതാണ് എം.എൽ.എ എന്ന നിലയിൽ ചെയ്തത്.
നാട്ടിൽ തൊഴിൽ സൃഷ്ടിക്കുകയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവു കയും ചെയ്യുന്ന നാടിന് ദോഷമല്ലാത്ത ഒരു പദ്ധതിയെ അന്ധമായി എതിർക്കുന്ന നിലപാടല്ല എം.എൽ.എ എന്ന നിലയിൽ എനിക്ക് ഉള്ളത്. നാടിനും ജനങ്ങൾക്കും ഉപകാരപ്പെടുന്ന ശാസ്ത്രീയമായും പാരിസ്ഥിതികമായി ദോഷമില്ലാത്തതുമായ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് എംഎൽഎ എന്ന നിലയിൽ പൂർണ്ണ പിന്തുണയാണ്. ജനങ്ങൾക്കോ നാടിനോ ബുദ്ധിമുട്ടുണ്ടാകുന്ന അശാസ്ത്രീയമായ പദ്ധതികളെ പൂർണ്ണമായും എതിർക്കുകയും ചെയ്യും. ജനങ്ങൾക്ക് ബുദ്ധിമുട്ടോ ആശങ്കയോ ഉണ്ടെങ്കിൽ ഈ പദ്ധതി വേണമെന്ന ഒരു നിർബന്ധവും എം.എൽ.എ എന്ന നിലയിൽ മാരിടൈം ബോർഡിനോടോ, പോർട്ടിനോടോ പറഞ്ഞിട്ടേയില്ല. മണ്ഡലത്തിൽ ശാസ്ത്രീയമായി പരിസ്ഥിതികമായി അനുയോജ്യമായ ഏത് സ്ഥലത്തും പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കു കയും ചെയ്യും.
ലീഗ് ജില്ലാ പ്രസിഡൻ്റ് ഈ വസ്തുതകൾ മനസ്സിലാക്കാതെയും കാര്യങ്ങൾ പഠിക്കാതെയും ആണ് ഈ പ്രസ്താവന ഇറക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ നിലപാടിനോട് യോജിപ്പില്ല. ഒരാളോടും മോശമായി പെരുമാറുന്ന ശീലമില്ല. എന്നാൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാണമെന്നും എവിടെയാണോ ഇത് ആരംഭിക്കുന്നത് ആരംഭിക്കുന്ന സ്ഥലത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും കൃത്യമായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഉള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തത്. ഇതൊന്നും മനസ്സിലാക്കാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് ലീഗ് ജില്ലാ പ്രസിഡൻ്റ് പുറപ്പെടുവിപ്പിച്ചത്. സമീപകാലത്തായി പല വിഷയങ്ങളിലും അദ്ദേഹം ഈ നിലപാടാണ് സ്വീകരിക്കുന്നത്. അതിൻറെ രാഷ്ട്രീയ ഉദ്ദേശം എന്താണെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. കലക്കവെള്ളത്തിൽ മീൻ കിട്ടുമോ എന്ന് നോക്കുന്ന ചിലരുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും. ജനങ്ങൾക്ക് ഉപകാരപ്രദമായ നാടിന് ഗുണകരവുമായ ഏതു നല്ല കാര്യത്തിനും മുന്നിൽ ഉണ്ടാവുമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നുവെന്ന് എം എൽ എ പ്രസ്താവനയിൽ പറഞ്ഞു.