സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അടുപ്പിച്ച് രണ്ട് ദിവസം അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.
അവധി ദിനങ്ങള്‍ വരുന്നുവെങ്കിലും ഇത് വില്‍പ്പനയെ ബാധിക്കാന്‍ സാദ്ധ്യത കുറവാണ്. അവധി ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് സാധനം സ്റ്റോക് ചെയ്യുന്ന സ്വഭാവം മലയാളികള്‍ക്കുണ്ട്. അതേസമയം, അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാന്‍ സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസ് വകുപ്പും. വരും ദിവസങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവിന് തന്നെ സാദ്ധ്യതയുണ്ട്.