ദേശീയപാതയിൽ ധർമ്മശാല കെൽട്രോൺ നഗറിൽ പുതിയ അടിപ്പാതയുടെ നിർമാണം തുടങ്ങി
കണ്ണൂർ : ദേശീയപാതയിൽ ധർമ്മശാല കെൽട്രോൺ നഗറിൽ അശാസ്ത്രിയമായി നിർമിച്ച അടിപ്പാത പൊളിച്ചുനീക്കിയ തോടെ പുതിയ അടിപ്പാതയുടെ നിർമാണം തുടങ്ങി.’ 10 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും ആണ് പുതിയ അടിപ്പാത നിർമ്മിക്കുന്നത്. നിലവിലുണ്ടായിരുന്ന അടിപ്പാതയുടെ അരികിലൂടെ ചെറുകുന്ന് ഭാഗത്തേക്കുള്ള ബസ് ഗതാഗതം കഴിഞ്ഞ ഒന്നര വർഷമായി വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ നിലവിലുണ്ടായിരുന്ന അടിപ്പാത പൊളിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു മാസമായി ധർമശാല കെൽട്രോൺ നഗറിൽനിന്ന് ചെറുകുന്ന് ഭാഗത്തേക്ക് കടക്കേണ്ട 23-ലധികം ബസുകൾ ഹാജി മൊട്ടവരെ ഓടി യു ടേൺ എടുത്താണ് ചെറുകുന്ന് റോഡിലേക്ക് തിരിയുന്നത്. ഇത് സമയം നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കും.
അടിപ്പാത നിർമാണം തുടങ്ങിയതോടെ നിർമാണ സ്ഥലത്തിന് സമീപത്തുകൂടി പഴയപോലെ ബസുകൾക്കും മറ്റുവാ ഹനങ്ങൾക്കും മറികടക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. വട്ടം ചുറ്റുമ്പോൾ ചുരുങ്ങിയത് ആറ് കിലോമീറ്ററിൽ അധികമാണ് ഓടേണ്ടിവരുന്നത് എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസുകൾ ക്കടക്കം കടന്നുപോകേണ്ട സ്ഥലത്ത് തികച്ചും അശാസ്ത്രീയമായി പ്രായോഗികത കണക്കിലെടുക്കാതെ യാണ് രണ്ടുതവണയും അടിപ്പാതകൾ നിർമിച്ചത്. സ്ഥലം എംഎൽഎ എം വി ഗോവിന്ദന്റെ നിരന്തര ഇടപെടൽ മൂലമാണ് ഇപ്പോൾ ബസ്സുകൾ അടക്കം കടക്കാനുള്ള പുതിയ അടിപ്പാതയ്ക്ക് വഴി തുറന്നത്. രണ്ടാം വട്ടം നിർമിച്ച അടിപ്പാത പൊളിക്കാൻ മാത്രം 2.62 ലക്ഷം രൂപയാണ് ദേശീയപാതാ അധികൃതർ ചെലവഴി ച്ചത്. പുതിയ അടിപ്പാതയ്ക്ക് 2.21 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പുതിയ അടിപ്പാതകൂടി പൂർത്തിയാകുന്ന തോടെ പുതിയ ദേശീയപാതയിൽ ആന്തൂർ നഗരസഭാ ഭാഗത്തുമാത്രം രണ്ട് മേൽപ്പാലങ്ങളും രണ്ട് വലിയ അടിപ്പാതകളാകും.