നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ പിടികൂടി വിജിലൻസ്
നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ പിടികൂടി വിജിലൻസ്. 64 ഡോക്ടർമാരെയാണ് വിജിലൻസ് പിടികൂടിയത്. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ നടന്ന പരിശോധനയിലാണ് വിജിലൻസ് നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിയ ഡോക്ടമാരെ പിടികൂടിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ജില്ല- ജനറല്‍- താലൂക്കാശുപത്രികളിലെയും ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തി രോഗികളില്‍നിന്നു വന്‍തുക കൈപ്പറ്റുവെന്ന പരാതിയിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഡോക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു വാടകയ്ക്ക് വീടും കടമുറികളും എടുത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി. വിവിധ മെഡിക്കൽ കോളേജുകളിലെ നോൺ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന 19 ഡോക്ടർമാരെയും, ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ആശുപത്രികളിലെ 64 ഡോക്ടർമാരും നിബന്ധനകൾ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും കണ്ടെത്തി.
വീടിനോടു ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണ്. എന്നാല്‍, ഇതിനു വിരുദ്ധമായി വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയത്. സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ പുറമേയുള്ള ജീവനക്കാരെ നിയോഗിക്കരുതെന്ന ചട്ടവും പാലിച്ചില്ല. ഇത്തരത്തിൽ ചട്ട ലംഘനം നടത്തിയ ഡോക്ടർമാരുടെ വിവരങ്ങൾ മേൽ നടപടികൾക്കായി സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.