തിരുവനന്തപുരം ജില്ലയിൽ പാതി വില തട്ടിപ്പിൽ കൂടുതൽ പരാതികൾ
തിരുവനന്തപുരം : ജില്ലയിൽ പാതി വില തട്ടിപ്പിൽ കൂടുതൽ പരാതികൾ. സീഡ് സൊസൈറ്റി അംഗങ്ങളാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പ്രൊജക്ട് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, ചെയർമാൻ ആനന്ദകുമാർ എന്നിവർക്കെതിരെ പരാതി നൽകിയത്. വർക്കല സബ് ഡിവിഷനിൽ മാത്രം 6 പരാതികളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ സായി ഗ്രാമത്തിൽ നടന്ന പരിപാടിയിലാണ് തിരുവനന്തപുരം വർക്കല ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഡ് സൊസൈറ്റി അംഗങ്ങൾ അനന്ദു കൃഷ്ണനെയൂം, ആനന്തകുമാറിനെയും പരിചയപ്പെടുന്നതും, സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പാതിവിലയ്ക്ക് സ്കൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭിക്കുമെന്ന് അറിയുന്നതും.
സൊസൈറ്റിയിലെ അംഗങ്ങളെ വിവിധ വാഗ്ദാനങ്ങൾ നൽകി വിശ്വാസം നേടിയ ശേഷം അനന്തു കൃഷ്ണനും ആനന്ദകുമാറും ഉൾപ്പെടെ 14 പേർതട്ടിപ്പിനിരയാക്കിയതെന്നാണ് പരാതി.വർക്കല സൊസൈറ്റിയുടെ കീഴിൽ മാത്രം 93 പേരിൽ നിന്നായി സ്കൂട്ടർ, തയ്യിൽ മെഷീൻ, ഗൃഹോപകരണങ്ങൾ, കിസാൻ കാർഡ്, ലാപ്ടോപ്പ്, വാട്ടർ ടാങ്ക്, മൊബൈൽ ഫോൺ എന്നിവയ്ക്കായി പ്രതികൾ 91,50,489 തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. തട്ടിപ്പിനിരയായ ആളുകളുടെ പണം തിരിച്ച് നൽകിയിലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, വരും ദിവസങ്ങളിൽ പാതിവില തട്ടിപ്പിൻ്റെ കൂടുതൽ പരാതികൾ ഉയർന്നു വരുമെന്നും സ്വീഡ് സൊസൈറ്റി അംഗങ്ങൾ പറഞ്ഞു.