മാനസികാസ്വാസ്ഥ്യമുള്ള യുവതി ട്രെയിനിൽ ഉപേക്ഷിച്ച എട്ടുമാസം പ്രായമായ കുഞ്ഞിനെ സുരക്ഷിത കരങ്ങളിലെത്തിച്ച് യാത്രക്കാരൻ
കോഴിക്കോട് : മാനസികാസ്വാസ്ഥ്യമുള്ള യുവതി ട്രെയിനിൽ ഉപേക്ഷിച്ച എട്ടുമാസം പ്രായമായ കുഞ്ഞിനെ സുരക്ഷിത കരങ്ങളിലെത്തിച്ച് യാത്രക്കാരൻ. ഷൊർണൂർ– കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ തിങ്കൾ പകൽ 10.30 ഓടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിനിലുണ്ടായിരുന്ന യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി യാത്രക്കാരനായ കുറ്റിക്കാട്ടൂർ സ്വദേശി അസീസിനെ നോക്കാൻ ഏൽപ്പിച്ച് ശുചിമുറിയിൽ പോവുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി കംപാർട്ട്മെന്റിലേക്ക് എത്തിയില്ല. തുടർന്ന് ഫറോക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാരൻ സ്റ്റേഷൻ മാസ്റ്ററെ കണ്ട് കുഞ്ഞിനെ കൈമാറുകയായിരുന്നു. റെയിൽവേ പൊലീസും റെയിൽവേ ചൈൽഡ് ഹെൽപ് ഡെസ്കും ചേർന്ന് കുഞ്ഞിനെ സെന്റ് വിൻസെന്റ് ഹോമിലെ ശിശുഭവനിൽ എത്തിച്ചു. നേരത്തെയും യുവതി കുഞ്ഞിനെ സമാനരീതിയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളില്ല. തിരച്ചിലിൽ യുവതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി. കുഞ്ഞുമായി ബന്ധപ്പെട്ട രേഖകൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൈമാറി. അമ്മയുടെ കൂടെ അയക്കണോ ഹോമിൽ പരിചരിക്കണോ എന്ന് സിഡബ്ല്യുസി തീരുമാനിക്കും.