ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കും; അന്വേഷണത്തിന് വനിതാ പൊലീസ് ടീമുകള്‍
തിരുവനന്തപുരം : സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച ടീം യോഗം ചേര്‍ന്ന് അന്വേഷണത്തിലേക്ക് നീങ്ങും. ഇതുവരെ ആരോപണം ഉയര്‍ത്തിയ മുഴുവന്‍ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടര്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സ്പെഷ്യല്‍ ടീം ആവശ്യപ്പെടും. സിനിമാ മേഖലയിലെ വനിതകള്‍ ഉന്നയിച്ച പരാതികളും വെളിപ്പെടുത്തലുകളുമാണ് അന്വേഷിക്കുക.
അതേ സമയം പീഡനകേസ് അന്വേഷണത്തില്‍ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്‍ശിച്ചു. മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സര്‍ക്കാര്‍ ഒടുവില്‍ അന്വേഷണത്തിന് സ്പെഷ്യല്‍ ടീം രൂപീകരിച്ചത്. ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയ രേവതി സമ്പത്ത്, ബംഗാളി നടി ശ്രീലേഖ മിത്ര, സോണിയ മല്‍ഹാര്‍, ടെസ് ജോസഫ് എന്നിവരില്‍നിന്നു പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. പറയാനുള്ളതു പറഞ്ഞെന്നും കേസിനില്ലെന്നുമാണു ശ്രീലേഖ മിത്രയുടെ നിലപാട്. ആരോപണം ഉന്നയിച്ചവരില്‍ എത്രപേര്‍ പൊലീസിനു മുന്നില്‍ മൊഴി നല്കുമെന്നതു പ്രധാനമാണ്. തെളിവുകളുണ്ടെങ്കില്‍ അതും കൈമാറേണ്ടതുണ്ട്. ആരോപണം ഉന്നയിച്ചവരുടെ സഹകരണമില്ലാതെ അന്വേഷണം സുഗമമായി മുന്നോട്ടുപോകില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.