സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം പിൻവലിച്ച് നേപ്പാൾ സർക്കാർ
കാഠ്മണ്ഡു : യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം പിൻവലിച്ച് നേപ്പാൾ സർക്കാർ. തിങ്കൾ രാത്രി വൈകിയാണ് 26 സമൂഹമാധ്യമ സൈറ്റുകളുടെ വിലക്ക് നീക്കിയത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നടന്ന അക്രമങ്ങളിലും വെടിവയ്പ്പിലും 19 പേർ കൊല്ലപ്പെട്ടു. സ്ഥിതി നിയന്ത്രിക്കാൻ കാഠ്മണ്ഡുവിൽ സൈന്യത്തെ വിന്യസിച്ചു.
‘ജെൻ സി’ബാനറിൽ സ്കൂൾവിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനുപേരാണ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചത്. പൊലീസ് സംയമനം പാലിച്ചെങ്കിലും ചിലർ പാർലമെന്റ് സമുച്ചയത്തിലേക്ക് പ്രവേശിച്ചതോടെ പ്രകടനം അക്രമാസക്ത മായി. ഇതോടെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചിരുന്നു. ഐടി–കമ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് വിലക്ക് നീക്കിയതായി അറിയിച്ചത്. സമയപരിധി നിശ്ചയിച്ചിട്ടും ആശയവിനിമയ–വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫെയ്സ്ബുക്ക്, വാട്ട്സാപ്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സൈറ്റുകൾ നേപ്പാൾ സർക്കാർ വിലക്കിയത്. സമൂഹമാധ്യമങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ രാജ്യത്തെ നിയമം പാലിക്കാത്തത് അംഗീകരിക്കാകില്ലെന്നും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറഞ്ഞു.