പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനു
പത്തനംതിട്ട : പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനു. കുടുംബത്തിന്റെ അഭിപ്രായത്തിനൊപ്പമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ പാർട്ടിയോ സർക്കാരോ ഇടപെടില്ലെന്നും പൊലീസ് അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കോടതി ചേർന്നയുടനായിരുന്നു ഉത്തരവ്.
ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി ആഗ്രഹിച്ചതെന്നും ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം പ്രതികരിച്ചു. ആശ്വാസകരമായ വിധിയാണെന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കളക്ടർ യോഗത്തിൽ ഇടപെടേണ്ട ആളായിരുന്നുവെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അതേസമയംഅന്വേഷണം ശരിയായ നിലയിലാണെന്നും സർക്കാരും പ്രോസിക്യൂഷനും ഇരക്കൊപ്പമായിരുന്നു വെന്നും പ്രോസിക്യൂട്ടർ അജിത് കുമാർ പ്രതികരിച്ചു.