എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചതും പൊലീസ് ജലപീരങ്കി പ്രയോഗിച്ചതും. വി.സിയുടെ നടപടിക്ക് പിന്നിൽ ഗവർണറാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇരു സംഘടനകളുടെയും ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. നൂറോളം പ്രവർത്തകർ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ രൂക്ഷ മുദ്രാവാക്യമുയർത്തി പ്രകടനമായെത്തുകയായിരുന്നു. രാജ്ഭവൻ ഗേറ്റിൽനിന്ന് നൂറുമീറ്റർ വിട്ടുമാറി റോഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ നോക്കിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിൻവാങ്ങാതെ വന്നതോടെ, പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ, പ്രവർത്തകരിൽ ഒരുവിഭാഗം ബാരിക്കേഡ് മറിച്ചിട്ടു. തുടർന്ന് ഏറെ നേരം പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഏറെ വൈകിയും പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.