വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. നഗരൂർ നെടുംപറമ്പ് സ്വദേശിയും ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ വി അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വി എസിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അനൂപ് വാട്സാപ്പിൽ അധിക്ഷിപിച്ച് സ്റ്റാറ്റസിടുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് പൊലീസ് നടപടി.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. വെൽഫെയർ പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീൻ അഹമ്മദ്. ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. അതേസമയം പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഇരച്ചെത്തുന്നത്. രാവിലെ ഒമ്പതു മുതൽ ദർബാർ ഹാളിൽ നടന്ന പൊതുദർശനം രണ്ടോടെയാണ് അവസാനിച്ചത്. പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലേക്ക് ജനമൊഴുകി. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്. ബസ് സഞ്ചരിക്കുന്ന വഴിയുടെ ഇരുവശവും പതിനായിരങ്ങളാണ് വി എസിനെ കാണാനായി അണിനിരന്നത്. കടന്നുപോകുന്ന വഴികളിലെല്ലാം മുദ്രാവാക്യം മുഴക്കിയാണ് പ്രിയ സഖാവിനെ ജനങ്ങൾ സ്വീകരിച്ചത്.