എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവം; ഇന്ന് സംസ്ഥാനത്ത് റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്
തിരുവനന്തപുരം : യാത്രയയപ്പ് വേദിയില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുന്നു. ബുധനാഴ്ചയാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. സർവ്വീസ് സംഘടനകളുടെ മേല്‍വിലാസമില്ലാതെ സ്വമേധയാ എല്ലാ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഓരോ ജില്ലയിലും താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ഉള്‍പ്പെടെ ആയിരത്തിലധികം റവന്യൂ ജീവനക്കാരാണുളളത്. ഇവരെല്ലാം ഒരുമിച്ച് അവധിയെടുക്കുന്നതോടെ പതിനയ്യായിരത്തിലധികം ജീവനക്കാരാണ് ഒറ്റ ദിവസം സർക്കാർ ഓഫീസുകളില്‍ നിന്ന് മാറി നില്ക്കുക.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ തന്നെ പ്രതിഷേധം താളം തെറ്റിക്കും. എന്നാല്‍ എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ ജീവനക്കാർക്കിടയില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ പിപി ദിവ്യയ്ക്കെതിരെ ജീവനക്കാർ രംഗത്തെത്തിയിരുന്നു. മിക്ക ജില്ലകളിലും സർവ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റുകളും മിനി സിവില്‍ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രതിഷേധം നടന്നിരുന്നു. കേരള എൻജിഒ സംഘ് ഉള്‍പ്പെടെയുളള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും സർക്കാർ ഓഫീസിനുള്ളില്‍ ഉദ്യോഗസ്ഥന് അതിക്രമം നേരിടേണ്ടി വരുന്നു എന്നത് ഏറെ ഗൗരവതരമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.