എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു
പത്തനംതിട്ട : എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.
അതേസമയം, നവീന്‍ ബാബുവിന്റെ കേസില്‍തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ അടുത്തമാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി പി പി ദിവ്യയുടെയും, സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന് പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തൃപ്തികമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക പ്രതികരിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നത് ആലോചിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കി.