
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (60) ആണ് മരിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മല്ലൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് മരിച്ചത്. ചീരക്കടവ് വനമേഖലയിൽ ഇന്നലെ ഉച്ചക്കായിരുന്നു കാട്ടാനയുടെ ആക്രമണം. വീടിന് സമീപത്തെ വനമേഖലയിലേക്ക് പശുവുമായി പോയതായിരുന്നു മല്ലൻ. ആന മല്ലനെ തുമ്പിക്കൈ കൊണ്ട് തട്ടി എറിഞ്ഞ തിനെ തുടർന്ന് വാരിയെല്ലിനും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.