കോസ്മറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതരുടെ നിർദേശം
കോസ്മറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്. പാസ്പോർട്ട് നല്കിയ ശേഷം മുഖത്തിന്റെ ആകൃതിയിൽ അടിസ്ഥാന മാറ്റം വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണമെന്നാണ് നിർദേശം. പരിശോധന നടത്തി ആളെ സ്ഥിരീകരിക്കാൻ നേരിടുന്ന കാലതാമസം ഒഴിവാക്കാനാണ് തീരുമാനം. ശസ്ത്രക്രിയയ്ക്ക് വിധേയരായി മുഖത്ത് മാറ്റങ്ങൾ വരുത്തിയ യാത്രക്കാരുടെ പരിശോധന പൂർത്തിയാവാൻ വിമാനത്താവളങ്ങളിൽ ഏറെ സമയമെടുക്കുന്നതിനെ തുടർന്നാണ് ജിഡിആർഎഫ്എയുടെ പുതിയ നിർദേശം. പാസ്പോർട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണമെന്നാണ് അറിയിപ്പ്. മുഖത്തെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന ഏറ്റവും പുതിയ ഫോട്ടോയാണ് പാസ്പോർട്ടിൽ പതിക്കേണ്ടത്.
എമിഗ്രേഷൻ കൗണ്ടറിലെ സിസ്റ്റത്തിൽ കൃത്യമായ ഡേറ്റ ലഭിക്കുന്നതുവരെ യാത്രക്കാരെ മാറ്റിനിർത്തേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പരിശോധന നീണ്ടുപോയതിനെ തുടർന്ന് പലരുടെയും യാത്ര മുടങ്ങിയ സംഭവങ്ങൾ കൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജിഡിആർഎഫ്എയുടടെ നിർദേശം. കൃത്രിമ യാത്ര രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ പിടികൂടാനും പുതിയ തീരുമാനം സഹായിക്കും. 2024 വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ കൃത്രിമ യാത്രരേഖകളുടെ പിടിയിലായത് 366 പേരാണ്.