കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാർ പരാതി നൽകിയ മലയാളി സൈനികൻ വിഷ്ണുവിനെ കോഴിക്കോടെത്തിച്ചു
കോഴിക്കോട് : കേരളത്തിലേക്ക് വരും വഴി കാണാതായി എന്ന് വീട്ടുകാർ പരാതി നൽകിയ മലയാളി സൈനികൻ വിഷ്ണുവിനെ കോഴിക്കോടെത്തിച്ചു. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ കോഴിക്കോടെത്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ താൻ ഒന്ന് മാറിനിന്നതാണെന്ന് വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. ബെംഗളൂരുവിലും മുംബൈയിലുമായാണ് ഇത്രയും നാൾ കഴിഞ്ഞത്. അപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ പോയതാണ്. എന്നെ കാണാതായെന്നത് വലിയ വാർത്തയായത് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും ഇനി സന്തോഷത്തോടെ കല്യാണ ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും വിഷ്ണു പറഞ്ഞു. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ പതിനേഴാം തിയ്യതി മുതൽ വിഷ്ണുവിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണു വിവാഹ ഒരുക്കങ്ങൾക്കായാണ് അവധി എടുത്തതിനുശേഷം നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ മേൽനോട്ടത്തിൽ എലത്തൂർ എസ് എച്ച് ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.