ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു
കണ്ണൂർ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകള്‍. കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികള്‍ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്ബരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്.