മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങി
ന്യൂഡൽഹി : മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങി. ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യനാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ ജോലി സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടത്. കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ചൂഷണവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവുമാണോ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കാൻ നിർദേശം നൽകി. അന്ന സെബാസ്റ്റ്യന്റെ മരണം കടുത്ത ദുഃഖമുണ്ടാക്കുന്ന സംഭവമാണ്. അവർക്ക് നീതി ഉറപ്പാക്കാനായി ഇടപെടൽ നടത്തുമെന്നും മന്ത്രി എക്സിലെ പോസ്റ്റിലൂടെ ഉറപ്പ് നൽകി.
കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെയാണ് കഴിഞ്ഞ ജൂലൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. നാല് മാസം മുമ്പാണ് അന്ന ജോലിയിൽ പ്രവേശിച്ചത്. അമിത ജോലിയെ മഹത്വവത്ക്കരിക്കുന്ന സ്ഥാപനത്തെ അപലപിക്കുകയും കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻ മേധാവിക്ക് രാജീവ് മേമനിക്ക് അയച്ച ഇമെയിൽ പറയുന്നു. 2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. പൂണെയിലെ ഇ.വൈ കമ്പനിയിലേത് അന്നയുടെ ആദ്യ ജോലിയായിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ അവൾ അശ്രാന്തമായി പരിശ്രമിച്ചു. എന്നാൽ ആ ശ്രമം അന്നയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ജോയിൻ ചെയ്ത ഉടൻ തന്നെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ മകൾക്ക് അനുഭവപ്പെടാൻ തുടങ്ങിയതായി അനിത പറയുന്നു. പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള പാതയെന്ന് വിശ്വസിച്ച് സ്വയം മുന്നോട്ട് പോയെന്നും അനിത കൂട്ടിച്ചേർത്തു.