സ്കൂളുകളിലെ പഠനയാത്രകൾ; പണമില്ലാത്ത കുട്ടികൾക്കും പഠനയാത്ര അവകാശം
തിരുവനന്തപുരം : സ്കൂളുകളിലെ പഠനയാത്രകൾ പണമില്ലാത്ത കുട്ടികൾക്കുകൂടി പങ്കെടുക്കാനാവുന്നവിധം സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. ജന്മദിനംപോലുള്ള വ്യക്തിപരമായ ആഘോഷങ്ങൾക്ക് പണംപിരിക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തി. പുതുവർഷത്തലേ ന്നാണ് നിർദേശങ്ങൾ സർക്കുലറായി പുറപ്പെടുവിച്ചത്. നേരത്തേ മന്ത്രി വി. ശിവൻകുട്ടി ഇത് പ്രഖ്യാപിച്ചിരുന്നു. പഠനയാത്രകൾക്ക് വലിയ തുകയീടാക്കരുത്. എല്ലാ കുട്ടികൾക്കും നൽകാനാവുന്ന തുക നിശ്ചയിക്കണം. സാമ്പത്തികബുദ്ധിമുട്ടു കാരണം പണം തരാനാകാത്ത ഒരുകുട്ടിയെയും മാറ്റിനിർത്തരുത്. സൗജന്യമായി കുട്ടികളെ കൊണ്ടുപോകുന്നത് മറ്റുകുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. പഠനയാത്രയ്ക്ക് അകമ്പടി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും ചെലവ് കുട്ടികളിൽനിന്നീടാക്കരുത്.
സ്കൂളുകളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനാഘോഷംപോലെ പണച്ചെലവുള്ള വ്യക്തിപരമായ ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷങ്ങൾ നടത്തുകയാണെങ്കിൽ രക്ഷിതാക്കൾക്കോ കുട്ടികൾക്കോ ബാധ്യതയുണ്ടാകരുത്. സർക്കാർ സ്കൂളുകൾക്കുപുറമേ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ മറ്റു സിലബസിലുള്ളവയ്ക്കും ഈ നിബന്ധനകൾ ബാധകമാണ്. പഠനയാത്രകൾക്ക് വൻതുകയീടാക്കുന്നു വെന്നും പണമില്ലാത്ത കുട്ടികളെ മാറ്റിനിർത്തുന്നുവെന്നും പരാതികളുയർന്നിരുന്നു. ചില സ്കൂളുകളിൽ അധ്യാപകരുടെ ജന്മദിനത്തിന് ഉപഹാരം നൽകാൻ പണം പിരിക്കുന്നുവെന്ന പരാതികളുമുണ്ട്.