ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ; കോച്ചിന്റെ ജനൽചില്ലുകൾ തകർന്നിരുന്നു
ചെങ്ങന്നൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതിൽ ദേവകുമാർ (24), ചങ്ങലവേലിയിൽ എസ്. അഖിൽ (25) എന്നിവരെ ചെങ്ങന്നൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 24ന് മാവേലിക്കര -ചെറിയനാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിനുനേരെ നടന്ന കല്ലേറിൽ എ.സി കോച്ചിന്റെ ജനൽചില്ലുകൾ തകർന്നിരുന്നു. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ചെങ്ങന്നൂർ സി.ഐ എ.പി. വേണുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി. പത്മകുമാർ, ആർ. ഗിരികുമാർ ഹെഡ്കോൺസ്റ്റബിൾ വി. മനോജ്, സീനിയർ കോൺസ്റ്റബിൾമാരായ അരുൺ എം. കുമാർ, എസ്. ഷൈബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. എ.സി കോച്ചിന്റെ ജനലുകൾക്ക് കട്ടികൂടിയ രണ്ട് ഗ്ലാസിന്റെ സംരക്ഷണമുണ്ടായതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിനുനേരെ കല്ലെറിയുകയോ പാളത്തിൽ കല്ലുവെക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.