അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വിമത വിഭാഗം വൈദികർക്കെതിരെ പൊലീസ് നടപടി എടുത്തതിൽ പ്രതിഷേധം തുടരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. എന്നാൽ ഗേറ്റിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തകർത്തതോടെ ബിഷപ്പ് ഹൗസിനകത്ത് കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞില്ല. രണ്ട് വൈദികർ അകത്തേക്ക് കടന്നു.
21 വിമത വൈദികരെ അകത്തേയ്ക്ക് കയറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.എന്നാൽ അതിന് സമ്മതിക്കില്ല എന്ന നിലപാടിലാണ് പൊലീസ്. അനുവാദം നൽകിയില്ലെങ്കിൽ മതിൽ അടക്കം പൊളിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം നടത്തിയ 21 വൈദികരെയാണ് പുലർച്ചെ പൊലീസ് എത്തി ബിഷപ്പ് ഹൗസിൽ നിന്ന് ബലം പ്രയോഗിച്ചു നീക്കിയത്. വലിച്ചിഴച്ചാണ് വൈദികരെ പുറത്തെത്തിച്ചത്. പൊലീസ് മർദിച്ചുവെന്നും കൈകൾക്കും കാലിനും പരിക്കേറ്റെന്നും വൈദികർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ആണ് വിമത വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ബിഷപ്പ് ഹൗസിന് മുൻപിൽ തമ്പടിച്ചിരിക്കുന്നത്. പ്രതിഷേധക്കാരുമായി സംസാരിക്കാൻ ഡിസിപി അശ്വതി ജിജി ബിഷപ്പ് ഹൗസിൽ എത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ പൊലീസിൻ്റെ ഭാഗത്ത് നിന്ന് സമവായ ചർച്ചയുണ്ടാകും.
കളക്ടറുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്ക് വഴിയൊരുക്കാം എന്ന് പൊലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ സമരക്കാർ തയ്യാറായില്ല.സമാധാനപരമായി കിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തിറക്കിയെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിക്കിടന്ന വൈദികരെ എഴുന്നേൽപ്പിക്കുകയും വസ്ത്രം പോലും മാറാൻ അനുവദിച്ചില്ലെന്നും വൈദികർ ആരോപിക്കുന്നു. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തല്ലിപ്പൊളിച്ചാണ് വൈദികരെ പുറത്താക്കിയത്. കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ സിറോ മലബാർ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളിൽ കയറി പ്രതിഷേധം തുടങ്ങിയത്. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വൈദികരെ സസ്പെൻഡ് ചെയ്തതെന്നും നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികർ വ്യക്തമാക്കിയിരുന്നു